ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിയെ സിപിഎം പൊളിറ്റ്ബ്യൂറോ സ്വാഗതം ചെയ്തു.
പാർലമെന്റ് പാസാക്കിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർ,ലോക്പാൽ തുടങ്ങിയവരെ നിയമിക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കമീഷനെയും നിയമിക്കണമെന്ന നിലപാട് സിപിഎം നേരത്തെ തന്നെ മുന്നോട്ടുവെച്ചിട്ടുള്ളതാണെന്ന് പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. കമീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സുപ്രധാന വിധിയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. അരുൺ ഗോയലിൻ്റെ നിയമനം സംബന്ധിച്ചും കോടതി പരാമർശിച്ചിട്ടുണ്ട്, വിധി കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.