ന്യൂഡൽഹി: ദൂരദർശൻ, ആകാശവാണി വാർത്തകൾ പൂർണ്ണമായും കാവിവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. പ്രമുഖ വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള കരാർ പിൻവലിച്ച് സംഘപരിവാർ വാർത്താ ഏജൻസിക്ക് കൈകൊടുക്കുകയാണ് പ്രസാർ ഭാരതി. ഹിന്ദുസ്ഥാൻ സമാചാർ എന്ന കാവി വാർത്താ ഏജൻസി ആകും ഇനി പ്രസാർ ഭാരതിക്ക് വാർത്തകൾ നൽകുക.
ദൂരദർശനും ആകാശവാണിക്കും ഇനി വാർത്തകൾ ലഭിക്കാൻ ആർഎസ്എസ് വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ മാത്രം ആശ്രയിച്ചാൽ മതിയെന്നാണ് കേന്ദ്രസർക്കാർ തിട്ടൂരം. രാജ്യത്തെ ഏറ്റവും മികച്ച വാർത്താ ഏജൻസിയായ പിടിഐയുമായുള്ള കരാർ അവസാനിപ്പിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ കരാർ. 2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രസാർ ഭാരതിക്ക് സൗജന്യമായി വാർത്തകൾ നൽകിയിരുന്നു. ഇതാണ് 7.7 കോടി രൂപയ്ക്ക് രണ്ട് വർഷത്തെ കരാറായി പുതുക്കിയത്.
ആർഎസ്എസ് മുതിർന്ന പ്രചാരകും വിഎച്ച്പി സഹസ്ഥാപകനുമായ ശിവറാംശങ്കർ ആപ്തെ 1948ൽ തുടങ്ങിയതാണ് ബഹുഭാഷാവാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാർ. 1986ൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പൂട്ടിക്കെട്ടിയെങ്കിലും 2002ൽ വാജ്പേയി സർക്കാരിൻ്റെ കാലത്ത് വീണ്ടും തുടങ്ങി. 2025 വരെ നീളുന്ന പുതിയ കരാർ അനുസരിച്ച് ഹിന്ദുസ്ഥാൻ സമാചാർ ദൂരദർശനും ആകാശവാണിക്കും ദിവസവും നൂറ് വാർത്തകൾ നൽകണം. പത്ത് ദേശീയ വാർത്തകളും വിവിധ റീജ്യനുകളിൽ നിന്നായി 40 പ്രാദേശിക വാർത്തകളും നൽകണമെന്നാണ് വ്യവസ്ഥ.
നേരത്തെ ബിജെപി നോമിനികളെ പിടിഐ തലപ്പത്ത് തിരുകാൻ ആർഎസ്എസ് നീക്കം നടത്തിയിരുന്നു. നിരന്തരം സംഘപരിവാരത്തിന് ദഹിക്കാത്ത വാർത്തകൾ നൽകുന്നതിലും സർക്കാരിന് രോഷമുണ്ട്. കനത്ത സബ്സ്ക്രിപ്ഷൻ ഫീ ചുമത്തുകയും വളച്ചൊടിച്ച വാർത്തകൾ നൽകുകയും ചെയ്യുന്ന ഏജൻസികളെ ഒഴിവാക്കാനാണ് പുതിയ കരാർ എന്നാണ് കേന്ദ്ര വിശദീകരണം.