റായ്പൂർ: കുറച്ചു ദിവസമായി കോൺഗ്രസുകാരും മാധ്യമങ്ങളും കൊട്ടിഘോഷിച്ചു കൊണ്ടിരുന്ന കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പ് ഒടുക്കം ആവിയായി. തെരഞ്ഞെടുപ്പ് വേണ്ടെന്നും നാമനിർദ്ദേശം മതിയെന്നുമാണ് തീരുമാനം. ഛത്തീസ്ഖഡിലെ റായ്പൂരിൽ നടക്കുന്ന 85-ാം പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സ്റ്റിയറിങ്ങ് കമ്മറ്റിയുടേതാണ് കോൺഗ്രസ് ഭാഷയിൽ തികച്ചും ജനാധിപത്യപരമായ ഈ ഏകകണ്ഠ തീരുമാനം.
25 പേരടങ്ങുന്ന പ്രവർത്തക സമിതിയിൽ ഹൈക്കമാൻഡായ സോണിയാ ഗാന്ധിക്കു പുറമെ കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ ഉറപ്പായും ഉണ്ടാകും. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടെ ആയാൽ പിന്നെ ഒഴിവ് 21. തന്നെ ഇനി ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കാൻ പാടില്ലെന്ന് കേരളത്തിൻ്റെ പ്രതിനിധിയായി തുടർന്നു വന്ന എ കെ ആന്റണി അന്ത്യശാസനം നൽകിയിട്ടുണ്ട്. അനാരോഗ്യം കാരണം ഉമ്മൻ ചാണ്ടിയും പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാകും. സോണിയ-രാഹുൽ-പ്രിയങ്ക – ഖാർഗെ കഴിഞ്ഞ് 21 പേരെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കുകയെന്ന വലിയ ദൗത്യമാണ് സ്റ്റിയറിങ്ങ് കമ്മറ്റി നിർവഹിച്ചത്. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഒരു തരത്തിലുള്ള സ്വാധീനവും ഇല്ലാതെ പൂർണ സ്വതന്ത്ര തീരുമാനം എടുക്കുന്നതിനു വേണ്ടിയാണ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്റ്റിയറിങ്ങ് കമ്മറ്റിയിൽ പങ്കെടുക്കാത്തതെന്നാണ് മാധ്യമ പ്രചാരവേല. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് അങ്ങിനെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ്.
കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും ശശി തരൂരുമൊക്കെ പ്രവർത്തക സമിതിയിൽ എത്താൻ ആഗ്രഹിക്കുന്നുണ്ട്. തരൂരിനെ ഉൾപ്പെടുത്താൻ സോണിയാ ഗാന്ധിക്ക് താൽപര്യം ഉണ്ടെങ്കിലും കെപിസിസി ഒട്ടും അനുകൂലമല്ല. മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തിന് മുന്നിൽ കടുത്ത അതൃപ്തി അറിയിച്ച് പ്ലീനറി സമ്മേളനം ബഹിഷ്കരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാനാകില്ലെന്ന് കാണിച്ച് മുല്ലപ്പള്ളി എഐസിസിസി അധ്യക്ഷന് കത്ത് നൽകി.
കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് ഇറക്കി വിട്ടതിൻ്റെ അപമാനഭാരവുമായി കഴിയുകയാണ് മുല്ലപ്പള്ളി. തൻ്റെ പരാതികൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടാത്തതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ട്. ഇതിനുപുറമെയാണ് ഹൈക്കമാൻഡും അവഗണിച്ചെന്ന പരാതി.
1969 മുതൽ കോൺഗ്രസ് പ്ലീനറി സമ്മേളനങ്ങളിൽ മുല്ലപ്പള്ളി പങ്കെടുക്കുന്നുണ്ട്. പല പ്ലീനറി സമ്മേളനങ്ങളുടെയും മുഖ്യ സംഘാടനകനുമായിരുന്നു. ഇത്തവണ പ്ലീനറി സമ്മേളനത്തിൻ്റെ കൂടിയാലോചന സമിതിയിൽ പോലും മുല്ലപ്പള്ളിയെ ഉൾപ്പെടുത്തിയില്ല. എഐസിസിയും തന്നെ അവഗണിക്കുന്നതിൻ്റെ തെളിവാണ് ഇതെന്ന് മുല്ലപ്പള്ളി കരുതുന്നു. രാഷ്ട്രീയ പ്രമേയ കമ്മിറ്റിയിൽ മുല്ലപ്പള്ളിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിൻ്റെ യോഗങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ലെന്നാണ് വിവരം.
അതിനിടെ കെപിസിസി ജനറൽ ബോഡിയിൽ 60 പേരെ കൂടി തള്ളിക്കയറ്റിയ കെപിസിസി നടപടിക്ക് ഹൈക്കമാൻഡിൻ്റെ അംഗീകാരം കിട്ടിയില്ല. 305 അംഗങ്ങൾക്കു പുറമെയാണ് 60 പേരെ കെപിസിസി പ്രസിഡണ്ടിൻ്റെ നോമിനേഷൻ വ്യവസ്ഥ പ്രകാരമാണ് ഇവരെ തിരുകി കയറ്റിയത്. വോട്ടവകാശമില്ലെങ്കിലും പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ ഇവർക്കും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കരട് പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. എന്നാൽ പട്ടികക്കെതിരെ വ്യാപക പരാതി ഉയർന്നതോടെ തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡ് മാറ്റിവെച്ചു. congress കൂടിയാലോചന നടത്താതെ സംസ്ഥാനനേതൃത്വം പട്ടികയുണ്ടാക്കി നൽകിയെന്നും സിൽബന്ധികളെ തിരുകിക്കയറ്റിയെന്നുമാണ് പരാതി. ഇതോടെ പട്ടികയ്ക്ക് അംഗീകാരം നൽകുന്നത് ഹൈക്കമാൻഡ് മാറ്റിവെച്ചു.
കെപിസിസി നിർദേശിച്ച പേരുകൾ ഹൈക്കമാൻഡ് അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ പട്ടികയിൽ ഉൾപ്പെട്ടവരെ ഫോണിൽ വിളിച്ച് എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് നേതൃത്വം അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാവരും റായ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു.