ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് വിമാനത്തിൽനിന്നു പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേരയെ കസ്റ്റഡിയിലെടുത്തു. അസം പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. റായ്‌പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് പോകാൻ നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോഴാണു പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഡൽഹിയിലാണു സംഭവം. പവൻ്റെ ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസുള്ളതിനാൽ യാത്ര അനുവദിക്കാനാവില്ലെന്ന് ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു.
അതേസമയം പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ പ്രതിഷേധിച്ചു മറ്റു കോൺഗ്രസ് നേതാക്കൾ വിമാനത്തിൽനിന്നു പുറത്തിറങ്ങി. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രതിഷേധം നടക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ സംഘം റൺവേ ഉപരോധിച്ച് റായ്പൂരിലേക്കുള്ള വിമാനത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരെ യുപി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നാണു ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് ഖേര പറഞ്ഞു. പരാമർശം ആക്ഷേപകരമാണെന്നു കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്തത്.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, റായ്പൂരിലേക്ക് പോകാനാവില്ലെന്നും ദില്ലി പോലീസ് ഡിസിപിക്ക് കാണണമെന്ന് പറഞ്ഞതായും പവൻ ഖേര പറഞ്ഞു. എന്തു നിയമ വ്യവസ്ഥയാണ് ഇതെന്ന് പവൻ ഖേര ചോദിച്ചു. ഇതോടെയാണ് പവൻ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് ആരോപിച്ച് കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നത്.