ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കി ഉന്നത ജാതിക്കാർ. ഖാർഗോൺ ജില്ലയിലെ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് ശനിയാഴ്ച ദളിത് പെൺകുട്ടി പ്രവേശിക്കുന്നത് സവർണ്ണ സമുദാംയക്കാർ തടഞ്ഞത്. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കു തർക്കത്തിലും കയ്യാങ്കളിയിലും 14 പേർക്ക് പരിക്കേറ്റു.
ചപ്ര ഗ്രാമത്തിലെ സനവാദ് മേഖലയിൽ മൂന്നു സമുദായങ്ങൾ ചേർന്ന് നിർമിച്ച ക്ഷേത്രത്തിലാണ് സംഭവം. പോലീസ് എത്തിയാണ് ആളുകളെ മാറ്റിയത്. ഇരുവിഭാഗങ്ങളിൽ നിന്ന് ശക്തമായ കല്ലേറുമുണ്ടായതായി പോലീസ് പറഞ്ഞു. ഇരുവിഭാഗത്തിൻ്റെയും പരാതിയിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന 17 പേർക്കും 25 അജ്ഞാതർക്കും എതിരെയാണ് കേസെടുത്തത്. നേരത്തേ ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തിൽ തർക്കമുണ്ടായിരുന്നു.