അഗർത്തല: ത്രിപുരയിൽ സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തി. ഖോവായ് ജില്ലയിലെ ദ്വാരികപുരിൽ ദിലീപ് ശുക്ല ദാസാ (55)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമൽദാസിനെ പോലീസ് അറസ്റ്റുചെയ്തു. ടൗണിൽ എത്തി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ ദിലീപ് ശുക്ലയെ ബിജെപിക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് മകൻ ബിശ്വജിത് ദാസ് പറഞ്ഞു.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിനായി പ്രവർത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്ച കൃഷ്ണ കമൽദാസിൻ്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിലീപിൻ്റെ മൃതദേഹം പാർടി പ്രവർത്തകർക്ക് വിട്ടുകൊടുക്കാതിരുന്ന പോലീസ് വിലാപയാത്രയും തടഞ്ഞു. പോലീസ് ബിജെപിയുടെ സമ്മർദങ്ങൾക്ക് വഴങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ പറഞ്ഞു. 5 ഫെബ്രുവരി 16ന് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം 16 അക്രമ കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാർച്ച് രണ്ടിനാണ് ത്രിപുരയിലെ വോട്ടെണ്ണൽ.