ജയ്പൂർ: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രാജസ്ഥാൻ- ഹരിയാന അതിർത്തിയിൽ ബജ്റംഗ്ദൾ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിൻ്റെയും നസീറിൻ്റെയും കുടുംബങ്ങളെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. സിപിഎം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി അമ്രാ റാം, സംസ്ഥാന നേതാക്കളായ സുമിത്ര ചോപ്ര, ഡോ സഞ്ജയ് മാധവ്, റൈസ, ഷബീർ ഖാൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കുടുംബങ്ങളെ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബൊലേറോ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടേയും മൃദദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകകുറ്റം ചുമത്തി ഉടനടി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് സംഘം പറഞ്ഞു.
കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും പോലീസ് എഫ്ഐആറിൽ ഇതുവരെ കൊലക്കുറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഹരിയാന സർക്കാരും പോലീസും കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയാണെന്ന് കുടംബാംഗങ്ങൾക്ക് പരാതിയുണ്ട്. ഹരിയാന– രാജസ്ഥാൻ അതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന ജുനൈദിനെയും നസീറിനെയും ബജ്റംഗദൾ സംഘം ആക്രമിക്കുകയായിരുന്നു. നമ്പർപ്ലേറ്റ് നോക്കിയാണ് ഇവരെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ പശുസംരക്ഷണ പ്രവർത്തകർ യുവാവിനെ തല്ലിക്കൊന്നതായി പരാതിയുണ്ടായിരുന്നു. മേവാത്തി ജില്ലയിലെ ഹുസൈൻപൂർ സ്വദേശിയായ വാരിസ് എന്ന 22 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പശുസംരക്ഷണ പ്രവർത്തകനും ബജ്രംഗ്ദൾ നേതാവുമായ മോനുമനേസർ എന്നയാളുടെ നേതൃത്വത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.
പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ടു യുവാക്കളെ ചുട്ടു കൊന്നു