ബാബറി മസ്ജിദ് കേസ് അടക്കം വിവാദ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് എസ് അബ്ദുൾ നസീർ ആന്ധ്രപ്രദേശ് ഗവർണർ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾ അടക്കം 13 ഇടത്ത് പുതിയ ഗവർണർമാരെ നിയമിച്ച് കേന്ദ്ര സർക്കാർ. ബാബരി മസ്ജിദ് കേസിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയും നോട്ട് നിരോധനം ശരിവെച്ചും ഉത്തരവുകൾ പുറപ്പെടുവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൾ നസീറിന് ഗവർണർ പദവി നൽകി. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച് നാല്പതാം ദിവസമാണ് കേന്ദ്ര ഗവൺമെന്റ് അബ്ദുൾ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറായി അവരോധിച്ചത്. രാമക്ഷേത്രം പണിയുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച അബ്ദുൾ നസീർ 2023 ജനുവരി നാലിന് സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച തേയുള്ളൂ. രാമക്ഷേത്ര നിർമ്മാണ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ ഏക മുസ്ലിം അംഗമായിരുന്നു അബ്ദുൾ നസീർ. നോട്ടു നിരോധനം റദ്ദാക്കണമെന്ന ഹരജി തള്ളി കേന്ദ്ര സർക്കാർ നടപടി ശരിവെച്ച അഞ്ചംഗ ഭരണഘാടനാ ബെഞ്ചിന്റെ തലവനായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീർ. അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് നാഗരത്ന കേന്ദ്രനടപടിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ഭിന്ന വിധി എഴുതി. പാർലമെന്റിനെ ഇരുട്ടിൽ നിർത്തി ഇങ്ങിനെയൊരു സുപ്രധാന തീരുമാനം കൈക്കൊള്ളരുതായിരുന്നെന്നും വിജ്ഞാപനത്തിലൂടെയല്ല, നിയമനിർമ്മാണത്തിലൂടെയാണ് തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ആഗ്രഹിച്ച വിധിയാണ് ഈ കേസുകളിൽ ജസ്റ്റിസ് അബ്ദുൾ നസീറിൽ നിന്നുണ്ടായത്.
2017 ഫെബ്രുവരിയിലാണ് കർണാടക ഹൈക്കോടതിയിൽ നിന്ന് അദ്ദേഹം സുപ്രീം കോടതിയിലേക്ക് നിയോഗിക്കപ്പെട്ടത്. കർണാടക സ്വദേശിയാണ്.
ആർ എസ് എസ് നിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനയായ അഖിൽ ഭാരതീയ അധി വക്ത പരിഷത്ത് ദേശീയ കൗൺസിൽ ചേർന്നപ്പോൾ പ്രഭാഷകനായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീർ.
മുത്തലാഖ് കേസ്, സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച കെ എസ് പുട്ടസ്വാമി കേസ്, ജനപ്രതിനിധികളുടെ പ്രസംഗത്തിന് അധിക നിയന്ത്രണം ആവശ്യമാണോ എന്ന കേസ് തുടങ്ങിയവയിലും ജസ്റ്റിസ് അബ്ദുൾ നസീർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് അബ്ദുൾ നസീർ സ്വീകരിച്ചത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജി വച്ചതിനെ തുടർന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് സി പി രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. ലെഫ്റ്റന്റ് ഗവര്‍ണര്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ ഗവര്‍ണറാകും.
ലക്ഷ്മണ് പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ഗുലാംചന്ദ് കഠാരിയയെ അസമിലും ശിവപ്രസാദ് ശുക്ലയെ ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ ബിഹാറിലും അനസൂയ ഉയര്ക്കെയെ മണിപ്പൂരിലും നിയമിച്ചു. ലഡാക്ക് ഗവര്‍ണര്‍ ആര് കെ മാത്തൂറിന്റെ രാജിയും രാഷ്ട്രപതി സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ബിഡി മിശ്ര ലഡാക്കില്‍ ഗവര്‍ണറാകും. നിലവില്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറാണ്.