പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള സർക്കുലർ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗക്ഷേമ ബോര്ഡന്റെയാണ് തീരുമാനം. ലോകമെമ്പാടും വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14-ന് പശുക്കളെ കെട്ടിപ്പിടിക്കാൻ പശു പ്രേമികളോട് കേന്ദ്രം നേരത്തെ നോട്ടീസ് നൽകിയിരുന്നു. കോംപിറ്റന്റ് അതോറിറ്റിയുടെയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിൻ്റെയും നിർദ്ദേശപ്രകാരം സർക്കുലർ പിൻവലിക്കുന്നതെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
പശു ഇന്ത്യൻ സംസ്കാരത്തിൻ്റെ നട്ടെല്ലാണെന്നും പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം ഇന്ത്യയിൽ ഏറിവരുന്നുവെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. ‘പാശ്ചാത്യ സംസ്കാരത്തിൻ്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിൻ്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും’ എന്നും ഉത്തരവിൽ ഉണ്ടായിരുന്നു.