ശ്രീഹരിക്കോട്ട: എസ്എസ്എൽവി വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആർഒ ഭൗമ നിരീക്ഷണ സാറ്റ്ലൈറ്റായ EOS-07, അമേരിക്കൻ കമ്പനിയായ അന്റാരിസിൻ്റെ ജാനസ്-1, ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങൾ വിക്ഷേപണം ചെയ്തത്. ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയിലൂടെ 750ഓളം പെൺകുട്ടികൾ വികസിപ്പിച്ചെടുത്ത് ഉപഗ്രഹമാണ് ആസാദിസാറ്റ് 2.
34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള എസ്എസ്എൽവിയുടെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എൽവിക്ക്. ഐഎസ്ആർഒയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്എൽവി. കൂടാതെ ഏറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന റോക്കറ്റുമാണിത്.