ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെ ചൊറിപ്പൊടിയേറ്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന വികാസ് രഥയാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
ഏറുകൊണ്ടതോടെ മന്ത്രിയുടെ ദേഹത്ത് ചൊറിച്ചിൽ രൂക്ഷമായി. തുടർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ തൻ്റെ കുർത്ത ഊരി മാറ്റി കുപ്പിവെള്ളത്തിൽ കഴുകുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിൽ വൈറലാണ്. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ മുംഗവോലി ഗ്രാമത്തിൽ വച്ചാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ വികാസ് യാത്ര നടത്തുന്നതെന്തിനെന്നും മുൻ സർപഞ്ച് ചോദിച്ചു. ‘ കോൺഗ്രസായിരിക്കും മോശമെന്നാണ് ഞങ്ങൾ കരുതിയത്, എന്നാൽ ബിജെപി കോൺഗ്രസിനെക്കാൾ മോശമാണ്. ഞങ്ങൾക്ക് നല്ല റോഡുകൾ വേണം. ഇല്ലെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും മുൻ സർപഞ്ച് വീഡിയോയിൽ പറഞ്ഞു.’