ന്യൂഡൽഹി: വിദ്യാഭ്യാസത്തിനായി സർക്കാരുകൾ മുടക്കുന്ന തുകയുടെ 76 ശതമാനവും വഹിക്കുന്നത് സംസ്ഥാന സർക്കാരുകൾ. കേന്ദ്ര വിഹിതം 2016-17 ൽ 26 ശതമാനം ആയിരുന്നത്, 2020-21 ൽ 24 ശതമാനമായി കുറഞ്ഞെന്നും രാജ്യസഭയിൽ ഡോ വി ശിവദാസൻ്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ഡോ സുഭാഷ് സർക്കാർ അറിയിച്ചു.
2020 -21 ൽ വിദ്യാഭ്യാസത്തിനായി 7ലക്ഷം കോടിയോളം സംസ്ഥാനസർക്കാരുകൾ ചിലവഴിച്ചപ്പോൾ, കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ മുടക്കിയത് 2.2 ലക്ഷം കോടി മാത്രമാണ്. സംസ്ഥാനങ്ങളുടെ വിഹിതം 74.23 ൽ നിന്ന് 75.73 ശതമാനമായി വർധിച്ചു.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൻ്റെ 4.64 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി സർക്കാർ വിനിയോഗിക്കുന്നത്. ഈ അനുപാതം, 2016-17 ൽ 4.24 ആയിരുന്നത് 2017-18 ൽ 3.87 ആയും 2018 -19 ൽ 3.9 ആയും കുറഞ്ഞു.
വിദ്യാഭ്യാസവിഹിതം വെട്ടിക്കുറയ്ക്കുന്നതോടൊപ്പം, വിദ്യാഭ്യാസവും ആരോഗ്യവും അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി വരുന്ന തുകയുടെ സിംഹഭാഗവും ചിലവാക്കുന്ന കേരളം പോലുള്ള സംസ്ഥാന സർക്കാരുകളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ഡോ വി ശിവദാസൻ എംപി പറഞ്ഞു.