ന്യൂഡൽഹി: രാജ്യത്ത് സ്‌കൂളിനു പുറത്തുള്ള കുട്ടികൾ പന്ത്രണ്ട് ലക്ഷത്തിലധികമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടി വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്‌ഥ വെളിപ്പെടുത്തുന്നു.
രാജ്യത്താകെ,പ്രാഥമിക തലത്തിൽ 9,30,531 ഉം സെക്കൻഡറി തലത്തിൽ 3,22,488 ഉം വിദ്യാർത്ഥികൾ സ്‌കൂളിന് പുറത്താണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. സ്‌കൂളിൽ ചേരാതിരിക്കുകയോ, പകുതി വഴിയിൽ സ്‌കൂൾ ഉപേക്ഷിച്ചു പോയതോ ആയ കുട്ടികളുടെ കണക്കാണിത്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണ് പ്രാഥമിക തലത്തിൽ 3,96,655 കുട്ടികളുമായി പട്ടികയിൽ ഒന്നാമത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പ്രാഥമിക തലത്തിൽ 1,068,55 കുട്ടികൾ ഇത്തരത്തിൽ സ്‌കൂളിന് പുറത്താണെന്ന് അദ്ദേഹത്തിൻ്റെ തന്നെ സർക്കാർ സമ്മതിക്കുന്നു. ബിജെപി തുടർച്ചയായി ഭരിക്കുന്ന ഇവിടെ സെക്കൻഡറി തലത്തിൽ 36,522 സ്‌കൂളിന് പുറത്തുള്ള കുട്ടികളുണ്ട്.
രാജ്യത്ത് ബിജെപി, മാതൃകയായി ഉയർത്തിക്കാണിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥയാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം നാമമാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേരളം വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യമാണ് ഈ പട്ടികയിൽ അഭിമാനകരമായ സ്ഥാനം സംസ്ഥാനത്തിന് ലഭിക്കാൻ കാരണം.
രാജ്യത്ത്, സ്‌കൂളിന് പുറത്തുള്ള മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിയ്ക്കാനും, സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം കുറയ്ക്കാനും കേന്ദ്ര സർക്കാരും, ഇതര സംസ്ഥാന സർക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണം.
ഈ കണക്കുകളുടെ പശ്ചാത്തലത്തിൽ ദേശീയ വിദ്യാഭ്യാസ നയം പുനഃർവായനയ്ക്ക് വിധേയമാക്കണം. ബിജെപി സർക്കാർ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം തികച്ചും വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. ഇത് പൂർണ്ണമായി നടപ്പിലാക്കുന്നത് വിദൂര പ്രദേശങ്ങളിലെ നിരവധി സ്കൂളുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും സ്കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. കേന്ദ്രസർക്കാർ എൻഇപി പിൻവലിക്കണമെന്നും കൂടുതൽ പുരോഗമനപരമായ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്നും എ എ റഹിം എംപി ആവശ്യപ്പെട്ടു.