ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി അവർ ഗാനങ്ങൾ ആലപിച്ചു.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ൽ ചെന്നൈയിലേക്ക് തൻ്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ വാണി ജയറാമിനെ തേടിയെത്തി. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്.