ന്യൂഡൽഹി: സാധാരണക്കാരെയും തൊഴിലാളികളെയും മറന്ന കേന്ദ്രബജറ്റ് തീർത്തും നിരാശാജനകമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. ഇടതു എംപിമാർക്കൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിൽനിന്നും പണപ്പെരുപ്പത്തിൽനിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് സബ്സിഡികൾ പലതും വെട്ടിക്കുറക്കുകയും ചെയ്തു.
കാർഷികമേഖലക്ക് ഉത്തേജനം പകരുന്നതിനു പകരം വളം സബ്സിഡി മുൻകാലങ്ങളെക്കാൾ വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടിയാണുണ്ടായത്. ഇത് കർഷകരെ പ്രതികൂലമായി ബാധിക്കും. പെട്രോളിയം സബ്സിഡി നൽകുന്ന പാചകവാതക സബ്സിഡിയും 22–23 ബജറ്റിനേക്കാൾ വെട്ടിക്കുറച്ചു. കൃഷി അനുബന്ധ പദ്ധതികൾക്ക് ബജറ്റ് വകയിരുത്തിയ തുക കുറവാണ്. കാർഷിക ഉൽപന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെ കുറിച്ച് ബജറ്റിൽ പരാമർശമില്ല.
പി എം കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുൻ ബജറ്റിൽ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റിൽ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയായ എം എൻ ആർ ഇ ജി പദ്ധതിക്ക് 89,400 കോടിയിൽനിന്ന് 60,000കോടിയായി കുറച്ചു. ദാരിദ്ര നിർമ്മാർജനം ലക്ഷ്യമാക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്, സബ്കാ വികാസ് എന്ന വിശേഷണത്തോടെ ധനമന്ത്രി 7 കാര്യങ്ങൾ പറഞ്ഞു. എന്നാൽ അതിൽ തൊഴിലാളി എന്ന ഒരു വാക്ക് ഇല്ലായിരുന്നു എന്നും എളമരം കരീം പറഞ്ഞു.