ഭുവനേശ്വർ: ഒഡീഷയിലെ ആരോഗ്യമന്ത്രിയും മുതിർന്ന ബിജെഡി നേതാവുമായ നബ ദാസിന് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ബിജെഡി പ്രവർത്തകർ ധർണ നടത്തി. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. നബാ ദാസിന് പോലീസ് അകമ്പടി നൽകിയിരുന്നതിനാൽ സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.