അജ്മീർ: ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ചതിന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. രാജസ്ഥാനിലെ അജ്മീറിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. പതിനൊന്ന് വിദ്യാർത്ഥികളെയാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. നടപടി നേരിട്ട മിക്ക വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്.
ഡോക്യുമെന്ററി കണ്ടെന്ന് ആരോപിക്കപ്പെടുന്ന 24 വിദ്യാർത്ഥികളുടെ ലിസ്റ്റ് എബിവിപി പുറത്തുവിടുകയും അവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സസ്പെൻഷൻ. വിദ്യാർത്ഥികളെ 14 ദിവസത്തേക്കാണ് അക്കാദമിക് വിഭാഗത്തിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ എബിവിപിയുടെ സമ്മർദത്തിന് വഴങ്ങി യൂണിവേഴ്സിറ്റി അധികൃതർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.