അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. രാഹുൽ ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത് സിംഗ് ബാദൽ അറിയിച്ചത്. അഞ്ച് തവണ എംഎൽഎയായ മൻപ്രീത് ബാദൽ രണ്ട് തവണ സംസ്ഥാന ധനമന്ത്രിയും ആയിട്ടുണ്ട്. പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ബാദലിന്റെ തുടർച്ചയായ അഭാവം നേരത്തെ തന്നെ ചർച്ചയായി മാറിയിരുന്നു.
ഏഴ് വർഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിനെ കോൺഗ്രസിൽ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, കോൺഗ്രസിൻ്റെ പഞ്ചാബിനോടുള്ള നയങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം. പാർട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് കാരണം ഉന്നതരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.
ദില്ലിയിൽ നിന്നുള്ള നേതാക്കൾക്കെതിരെയാണ് മൻപ്രീത് സിംഗ് ബാദലിൻ്റെ വിമർശനം. കോൺഗ്രസ് അതിൻ്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും തീരുമാനങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് പഞ്ചാബുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരാശാജനകമാണ്. പാർട്ടിയെ തളർത്തുന്ന വിഭാഗീയതയും വിയോജിപ്പുകളും പരിഹരിക്കുന്നതിന് പകരം ചിലർ അത് കൂട്ടാനായി ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.