ന്യൂഡൽഹി: നോട്ട് നിരോധനം ശരി വെച്ച് സുപ്രീം കോടതി. നോട്ട് നിരോധനം ശരിയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ അഭിപ്രായപ്പെട്ടു. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണിച്ചത്.
കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗരത്ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുലിച്ചത്.
നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നോട്ടുനിരോധനം റദ്ദാക്കാനാവില്ലെന്നാണു ഭൂരിപക്ഷ വിധി. ജസ്റ്റിസ് ബി.ആർ.ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. സർക്കാർ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. നോട്ടുനിരോധനത്തിൻ്റെ 3 ലക്ഷ്യങ്ങളും ശരിയാണ്. അനുബന്ധ നടപടികൾക്കായി 52 ദിവസം നൽകിയത് അസ്വീകാര്യമെന്നു പറയാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. മറ്റു മൂന്നു പേരും ഈ വിധിയോടു യോജിച്ചു.
ഗവായിയോടു വിയോജിച്ചാണ് ജസ്റ്റിസ് നാഗരത്ന വിധി പറഞ്ഞത്. നോട്ടുനിരോധനം നടപ്പാക്കേണ്ടിയിരുന്നത് നിയമനിർമാണത്തിലൂടെ ആയിരുന്നെന്നും സർക്കാർ വിജ്ഞാപനത്തിലൂടെ ആയിരുന്നില്ലെന്നും നാഗരത്ന വ്യക്തമാക്കി. ആർബിഐ നിയമ 26 (2) വകുപ്പുപ്രകാരം നോട്ടുനിരോധനത്തിനുള്ള നടപടികൾ ആരംഭിക്കേണ്ടിയിരുന്നത് റിസർവ് ബാങ്ക് ആയിരുന്നു രഹസ്യാത്മകത വേണ്ടിയിരുന്നെങ്കിൽ ഓർഡിനൻസ് ആണ് ഇറക്കേണ്ടിയിരുന്നത്. രാജ്യത്തിൻ്റെ ചെറുപതിപ്പാണു പാർലമെന്റ്. ജനാധിപത്യത്തിൻ്റെ നെടുംതൂണായ പാർലമെന്റിനെ മാറ്റിനിർത്തി ഇത്രയും സുപ്രധാനമായ തീരുമാനം കൈക്കൊള്ളരുതായിരുന്നു– നാഗരത്ന ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിനെയും ആർബിഐയെയും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് പ്രതിനിധികരിച്ചത്. മുൻ ധനമന്ത്രി കൂടിയായ മുതിർന്ന അഭിഭാഷകൻ പി ചിദംബരം, ശ്യാം ദിവാൻ അടക്കമുള്ളവർ ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി.