മുംബൈ: ജനുവരി 25ന് റിലീസ് ചെയ്യാൻ ഇരിക്കെ ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പഠാൻ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി)യാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്ക് നിർദേശം നൽകിയത് എന്നാണ് റിപ്പോർട്ട്. ഗാനങ്ങളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമാതാക്കളോട് നിർദേശിച്ചെന്ന് സെൻസർ ബോർഡ് ചെയർപേഴ്സൺ പ്രസൂൺ ജോഷി പറഞ്ഞു.
ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.