ന്യൂഡൽഹി: ഭീമ കൊറഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത എല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സമ്പദ്ഘടനയെ ബാധിച്ച മാന്ദ്യത്തിന് ആഴമേറുന്നതിൽ രണ്ട് ദിവസമായി ചേർന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ആശങ്ക രേഖപ്പെടുത്തി. സമ്പദ്ഘടന തിരിച്ചുവരവിൻ്റെ പാതയിലാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഉൽപാദനമേഖലയിൽനിക്ഷേപവളർച്ചയില്ല. ഇക്കഴിഞ്ഞ ഒക്ടോബറിൽ വ്യവസായ ഉൽപാദനം നാല് ശതമാനം ചുരുങ്ങി, മൂന്ന് മാസത്തിനുള്ളിൽ രണ്ടാം പ്രാവശ്യമാണിത്.
നിർമിതോൽപന്ന മേഖലയിൽകഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.4 ശതമാനം ഇടിവുണ്ടായി. വ്യവസായ ഉൽപാദന സൂചിക ഒക്ടോബറിൽ 129.6ൽ എത്തി, 2021 സെപ്തംബർ ഒഴിച്ചുനിർത്തിയാൽ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഉപഭോക്തൃ സാമഗ്രികളുടെ ഉൽപാദനം 15.3 ശതമാനം ഇടിഞ്ഞു. ജനങ്ങളുടെ വാങ്ങൽശേഷിയിൽ ഇടിവ് തുടരുന്നുവെന്നതിൻ്റെ വ്യക്തമായ സൂചനയാണിത്.