ബേഷരം രംഗ് വിവാദത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമായി അയോധ്യയിലെ ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താൻ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചു. താൻ ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാൽ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരംഹംസ് ആചാര്യയുടെ വധഭീഷണി. ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കുകയാണെന്ന് പരംഹംസ് ആചാര്യ ആരോപിച്ചു.
‘ഞങ്ങളുടെ സനാതന ധർമ്മത്തിലെ ആളുകൾ സിനിമക്കെതിരെ തുടർച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങൾ ഷാരൂഖ് ഖാൻ്റെ പോസ്റ്റർ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാൻ കഴിഞ്ഞാൽ ഞാൻ അയാളെ ജീവനോടെ ചുട്ടെരിക്കും. കാവി വസത്രത്തെ ദീപിക ബിക്കിനിയായി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിർബന്ധം. ഈ സിനിമ ബഹിഷ്കരിക്കണമെന്ന് ഞാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിച്ചാലെ അവർക്ക് കാര്യം മനസ്സിലാവുകയൊളളു. ദുഷ്ടതയെ എതിർക്കണമെങ്കിൽ നിങ്ങളും ദുഷ്ടരാവണം,’ എന്നും പരംഹംസ് ആചാര്യ പറഞ്ഞു.
നേരത്തെ ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല എന്നായിരുന്നു നരോത്തം മിശ്രയുടെ ആരോപണം.