ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കുറവ് ചേരി നിവാസികളുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്ര സർക്കാർ. എഎ റഹീം എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 45,471 പേരാണ് ഇത്തരത്തിൽ കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ ചേരി നിവാസികളുള്ളത് മഹാരാഷ്ട്രയിലാണ്. 25 ലക്ഷത്തോളം കുടുംബങ്ങളാണ് മഹാരാഷ്ട്രയിൽ ചേരിയിൽ ജീവിക്കുന്നത്.
2011 ലെ കണക്കുകൾ പ്രകാരം രാജ്യത്താകെ 1.39 കോടി കുടുംബങ്ങളിൽ നിന്നുള്ള 6.54 കോടി ആളുകളാണ് ചേരികളിൽ കഴിയുന്നത്. 1,08,227 ചേരികളാണ് രാജ്യത്തുള്ളത്. 45,417 കുടുംബങ്ങളാണ് കേരളത്തിൽ ചേരികളിൽ കഴിയുന്നത്. ഏറ്റവും ഉയർന്ന നിരക്കുള്ള മഹാരാഷ്ട്രയിൽ 24.99 ലക്ഷം പേരാണ് ചേരികളിൽ കഴിയുന്നത്. ഗുജറാത്തിൽ 3.45 ലക്ഷവും, കർണാടകയിൽ 7.07 ലക്ഷവുമാണ് ചേരി നിവാസികളുടെ എണ്ണം. ഉത്തർപ്രദേശിൽ 10.66 ലക്ഷം ആളുകളാണ് ചേരികളിൽ കഴിയുന്നത്. മധ്യപ്രദേശിൽ 11.17 ലക്ഷം ആളുകളും ചേരി നിവാസികളാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽകത്ത തുടങ്ങിയ വൻ നഗരങ്ങളിൽ ചേരികളിൽ കഴിയുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലാണ്. 3,67,893 ലക്ഷം പേരാണ് രാജ്യ തലസ്ഥാന നഗരമായ ഡൽഹിയുടെ ചേരി പ്രദേശങ്ങശിൽ കഴിയുന്നത്. മുംബൈയിൽ 52,06,473 പേരാണ് ചേരികളിലുള്ളത്. ബെംഗ്ലൂരുവിൻ്റെ നഗരപ്രദേശങ്ങളിൽ 7,12,801 പേരും, ചെന്നൈയിൽ 13,42,337 പേരും, ഹൈദരാബാദിൽ 22,87,014 പേരും, കൊൽക്കത്തയിൽ 14,09,721 പേരുമാണ് ചേരികളിൽ കഴിയുന്നത്.