ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ 13 പിസിസി അംഗങ്ങൾകൂടി രാജിവച്ചു. നിലവിലെ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ അനുയായികളാണ് രാജിവെച്ചത്. മറ്റു പാർടികളിൽനിന്ന് കോൺഗ്രസിലേക്ക് കുടിയേറിയവർക്ക് പ്രാധാന്യം ലഭിച്ചെന്ന മുതിർന്ന നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജി. സിറ്റിങ് എംഎൽഎ ദനസാരി അനസൂയ (സീതക്ക), മുൻ നിയമസഭാംഗം വേം നരേന്ദർ റെഡ്ഡി എന്നിവരും രാജിവച്ചവരിലുണ്ട്.
നേരത്തേ തെലുങ്കുദേശം നേതാവായിരുന്ന രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന നേതാക്കൾ നീങ്ങുന്നതിനിടെയാണ് കൂട്ടരാജി. പിസിസി പ്രസിഡന്റ് രൂപംകൊടുത്ത പുതിയ സംസ്ഥാന എക്സിക്യൂട്ടീവിൽ അധികവും മുൻ തെലുങ്കുദേശം നേതാക്കളാണെന്ന് വിമതപക്ഷം ആരോപിച്ചിരുന്നു. എന്നാൽ, പരാമർശം കോൺഗ്രസിനുവേണ്ടി ആറു വർഷമായി പ്രവർത്തിച്ചവരെ നിരാശപ്പെടുത്തുന്നതാണെന്ന് നേതാക്കൾ രാജിക്കത്തിൽ പറഞ്ഞു.