ന്യൂഡൽഹി: നിസ്സാര കേസുകൾ പരിഗണിച്ചു സുപ്രീം കോടതി സമയം കളയരുതെന്ന കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് ഒരു കേസും നിസ്സാരമല്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെട്ട് ആശ്വാസം അനുവദിക്കാതെ കോടതി എന്തു ചെയ്യണമെന്നും ചോദിച്ചു.
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാർശകളുടെ കാര്യത്തിൽ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെയും ചീഫ് ജസ്റ്റിസിൻ്റെയും പ്രസ്താവനകൾ. “അനാവശ്യ പൊതുതാൽപര്യ ഹർജികളുൾപ്പെടെയുള്ള നിസ്സാര കേസുകളും ജാമ്യഹർജികളും ഏറ്റെടുക്കുന്നത് സുപ്രീം കോടതിയിലെ കേസുകൾ പെരുകാൻ ഇടയാക്കുന്നു”- കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.
‘‘സുപ്രീം കോടതിയിലെ ന്യായാധിപക്കസേരയിൽ ഇരിക്കുമ്പോൾ കേസുകളിൽ വലുപ്പച്ചെറുപ്പമില്ല. മനഃസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനും പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിക്കു മറുപടി നൽകാനുമാണ് ഇവിടെയിരിക്കുന്നത്. കവർന്നെടുക്കപ്പെടാൻ പാടില്ലാത്ത വിലയേറിയ അവകാശമാണ് വ്യക്തിസ്വാതന്ത്ര്യം. ഇതുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുമ്പോൾ കോടതി അതിൻ്റെ ചുമതലയാണ് നിർവഹിക്കുന്നത്. കോടതി അതു ചെയ്തില്ലെങ്കിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെ ശബ്ദം ആരും കേൾക്കാതെ പോകും’’ – ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.