ചെന്നൈ: വിവരാവകാശനിയമത്തിന് വെല്ലുവിളിയാകുന്ന ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ തടയാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ച് നടൻ കമൽ ഹാസൻ. ഏതൊരു ജനാധിപത്യവും അഭിവൃദ്ധിപ്പെടണമെങ്കിൽ അവിടുത്തെ പൗരന്മാർ അതിൽ പങ്കാളികളാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരാവകാശനിയമം ആക്രമിക്കപ്പെടുന്നതിൽ പൗരന്മർക്ക് പ്രതികരിക്കാനുളള അവസാന തിയതി ഇന്നാണെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.
‘2022 നവംബർ 18ന് വിവര സാങ്കേതിക മന്ത്രാലയം ഡിജിറ്റൽ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിനുളള കരട് ബിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് 2005ലെ വിവരാവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണ്. 2022ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിൻ്റെ ക്ലോസ് 30 (2), വിവരാവകാശ നിയമത്തിലെ സെക്ഷൻ8(1) (യു)വിനെ അനാവശ്യമായി ഭേദഗതി ചെയ്യാൻ നിർദേശിക്കുന്നു’. കേന്ദ്രമന്ത്രിക്കെഴുതിയ കത്തിൽ കമൽ ഹാസൻ അഭിപ്രായപ്പെട്ടു.
2022ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലും 2005ലെ വിവരാവകാശ നിയമത്തിൽ അതിൻ്റെ സ്വാധീനവും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കമൽ ഹാസൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിട്ടുണ്ട്.