ഉയർത്തെഴുന്നേൽപ്പിനു മോഹിക്കുന്ന കോൺഗ്രസിൻ്റെ നട്ടെല്ലിനേറ്റ പ്രഹരമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം. 2017ൽ 77 സീറ്റു നേടിയ പാർടിയ്ക്ക് ഇപ്പോൾ കിട്ടിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ. നഷ്ടമായത് അറുപതോളം സീറ്റുകൾ. ബിജെപിയാകട്ടെ, ഗുജറാത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു നേട്ടത്തിൻ്റെ ഉടമയാവുകയാണ്. 1985ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 145 സീറ്റുകൾ നേടിയതാണ് ഗുജറാത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു നേട്ടം.
എവിടെയാണ് കോൺഗ്രസിന് പിഴച്ചത്? മല്ലികാർജുൻ ഖാർഗെയെന്ന പുതിയ പ്രസിഡന്റിൻ്റെ നേതൃത്വത്തിലുള്ള പുതിയ സംഘടന. ദ്വാരകയിലെ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ. പ്രചരണരീതിയിലും ശൈലിയിലും തികഞ്ഞ മാറ്റം. അങ്ങനെ അടവുകളും തന്ത്രങ്ങളും മാറ്റിപ്പണിതിട്ടും എന്തുകൊണ്ട് കോൺഗ്രസ് ഈ നിലയിൽ തകർന്നു?
ശ്രമിച്ചില്ല എന്ന് കോൺഗ്രസിനെ കുറ്റം പറയാനാവില്ല. 2017ലെ 77 സീറ്റു നേട്ടം സത്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടം തന്നെയായിരുന്നു. ആ സീറ്റുകൾ നിലനിർത്തുകയും പത്തോ പതിനഞ്ചോ സീറ്റ് അധികം പിടിക്കുകയും ചെയ്തിരുന്നെങ്കിൽ ആ സംസ്ഥാനം കോൺഗ്രസിൻ്റെ കൈയിലിരിക്കുമായിരുന്നു. തുടർ വാഴ്ചയുടെ പരിണിതിയായ ഭരണവിരുദ്ധവികാരം ശക്തമായ പ്രതിപക്ഷ പാർടിയ്ക്ക് ആ നേട്ടം സമ്മാനിക്കേണ്ടതുമാണ്. 1995 മുതൽ ഗുജറാത്ത് ഭരിക്കുകയാണ് ബിജെപി. പക്ഷേ, തുടർഭരണം ബിജെപിയ്ക്ക് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം. കോൺഗ്രസോ, ദയനീയമായി തകർന്നടിയുകയും ചെയ്തു.
എന്താണ് കോൺഗ്രസിന് പറ്റിയത്? ഗുജറാത്ത് വോട്ടർമാരിൽ മൂന്നിലൊന്നിനും കോൺഗ്രസ് വാഴ്ചയുടെ ഭൂതകാലമറിയില്ല. കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ട 1995ൽ ജനിച്ച വോട്ടർക്ക് ഇന്ന് പ്രായം 27 വയസാണ്. 40 വയസിനു താഴെ പ്രായമുള്ള വോട്ടർമാർക്കുപോലും ഗുജറാത്തിലെ കോൺഗ്രസിൻ്റെ സുവർണകാലം ഓർമ്മയുണ്ടാവില്ല. ഭൂതകാലത്തിൻ്റെ വീമ്പും വീരസ്യവും അയവിറക്കി ഈ തലമുറയുടെ രാഷ്ട്രീയ പിന്തുണ തേടുകയെന്നത് തീർത്തും അസാധ്യം.
ജാതി രാഷ്ട്രീയം തന്നെയാണ് ഇപ്പോഴും കോൺഗ്രസിൻ്റെ തുറുപ്പു ചീട്ട്. ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം വിഭാഗങ്ങളുടെ പിന്തുണയാണ് എക്കാലത്തും കോൺഗ്രസിനെ തുണച്ചിരുന്നത്. ആ ഭൂതകാലം എന്നെങ്കിലും മടങ്ങിയെത്തുമെന്നും അന്ന് ഗാന്ധിനഗർ ഭരിക്കാമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ ചിന്ത. പക്ഷേ, അതങ്ങനെ വെറുതേ വരുമോ?
മോദിയുടെ വ്യക്തിപ്രഭാവവും ബിജെപിയുടെ സംഘടനാശക്തിയും ഗുജറാത്ത് ജനതയെ അടിമുടി ഹിന്ദുത്വവത്കരിച്ചിട്ടുണ്ട്. വനവാസി കല്യാൺ പരിഷത്ത് എന്ന സംഘപരിവാർ സംഘടനയും മോഹൻസിംഗ് രത്വയെപ്പോലുള്ള ഗോത്ര നേതാക്കളുടെ ബിജെപി ചായ്വും കോൺഗ്രസ് വോട്ടുബാങ്കിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ആം ആദ്മി കൈ വെച്ചതും കോൺഗ്രസിൻ്റെ വോട്ടുപെട്ടിയിലാണ്. നഗരമേഖലയിലെ ബിജെപി വോട്ടുകളിൽ ഒരു ഭാഗം ആം ആദ്മി സമാഹരിക്കുമെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതീക്ഷ. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. കഴിഞ്ഞ തവണ 41 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ഇക്കുറി അത് 27 ശതമാനമായി ഇടിഞ്ഞു. അഞ്ചു വർഷം മുമ്പ് കോൺഗ്രസിന് കിട്ടിയ ഒരു കോടി ഇരുപത്തിനാല് ലക്ഷത്തിൽപ്പരം വോട്ട് ഇക്കുറി 84 ലക്ഷമായി. 39 ലക്ഷത്തോളം വോട്ടുകളുടെ കുറവ്. ആം ആദ്മി പിടിച്ചത് 40 ലക്ഷം വോട്ട്. ശതമാനം 12.9. ആരുടെ വോട്ടിലാണ് ആം ആദ്മി കൈവെച്ചത് എന്ന് വേറെ അന്വേഷിക്കേണ്ടതില്ല.
സർദാർ വല്ലഭായ് പട്ടേൽ എന്ന കോൺഗ്രസ് നേതാവിനെ എത്ര അനായാസമായാണ് മോദി കൈയടക്കിയത്. ഗുജറാത്തിലെ കോൺഗ്രസിൻ്റെ സ്ഥാപകനാണ് പട്ടേൽ. ഏറ്റവും കൂടുതൽകാലം ഗുജറാത്ത് പിസിസി പ്രസിഡന്റായിരുന്ന നേതാവ്. 1920 മുതൽ 1945 വരെ 25 വർഷമാണ് അദ്ദേഹം ഗുജറാത്തിലെ കോൺഗ്രസിനെ നയിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് മന്ത്രിസഭയിലെ സർവശക്തമായ സ്ഥാനവും അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷേ, ആ പട്ടേലിൻ്റെ അവകാശികൾ ഗുജറാത്തിൽ ബിജെപിയാണ്. കൃത്യമായി പറഞ്ഞാൽ മോദി. 3000 കോടി ചെലവിൽ പട്ടേലിൻ്റെ പ്രതിമ സ്ഥാപിച്ചുകൊണ്ട്, ഗുജറാത്തിൻ്റെ കോൺഗ്രസിൻ്റെ പാരമ്പര്യത്തെയാണ് മോദി കവർന്നത്. എന്നിട്ടോ, പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വർക്കിംഗ് കമ്മിറ്റി ചേരാൻ മോദി കോൺഗ്രസിനെ ക്ഷണിക്കുകയും ചെയ്തു. ഇത്തരം കുരുക്കുകളിൽ കോൺഗ്രസിനെ പൂട്ടാൻ ബിജെപിയ്ക്ക് നിഷ്പ്രയാസം കഴിയുന്നുണ്ട്.
കോൺഗ്രസിൻ്റെ തന്ത്രങ്ങളും വാഗ്ദാനങ്ങളുമൊന്നും താഴേത്തലത്തിൽ ഏശുന്നില്ല. അത് പരിഹരിക്കാതെ മോദിയ്ക്ക് ബദലാകാൻ കോൺഗ്രസിനു കഴിയുകയുമില്ല. ബിജെപിയുടെ നയങ്ങളെയും പരിപാടികളെയും എതിർക്കാതെ മൃദുഹിന്ദുത്വം കളിച്ച് തെരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണം നടത്തുകയാണ് കോൺഗ്രസ്. ആ ശൈലിയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് ഗുജറാത്തിലെ ദയനീയ പരാജയം.