കർണാടക- മഹാരാഷ്ട്ര അതിർത്തി തർക്കം നിലനിൽക്കെ, കർണാടകയിലേക്കുള്ള ബസ് സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് മഹാരാഷ്ട്ര. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് ബുധനാഴ്ച തീരുമാനമെടുത്തത്. കർണാടക അതിർത്തിക്കുള്ളിൽ മഹാരാഷ്ട്ര ബസുകൾ ആക്രമിക്കപ്പെട്ടേക്കുമെന്ന് പോലീസ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് എം.എസ്.ആർ.ടി.സിയുടെ നടപടിയെന്ന് സംസ്ഥാന ഗതാഗത വകുപ്പ് അറിയിച്ചു.
യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ സംബന്ധിച്ച് പോലീസിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ, മഹാരാഷ്ട്രയിലെ പൂനെയിൽ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ്റെ ബസ് ശിവസേനയുടെ ഉദ്ധവ് താക്കറെ പക്ഷം തടയുകയും കാവിയും കറുപ്പും നിറമടിക്കുകയും ജയ് മഹാരാഷ്ട്ര എന്ന് എഴുതുകയും ചെയ്തു.
അതേസമയം, അതിർത്തി തർക്കം രൂക്ഷമായിരിക്കെ കർണാടകയിലെ ബെലഗാവിയിൽ മഹാരാഷ്ട്ര വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറികളുടെ നമ്പർ പ്ലേറ്റിൽ കറുത്ത മഷി ഒഴിക്കുകയാണുണ്ടായത്. കർണാടക രക്ഷണ വേദികെയുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള അതിർത്തി തർക്കം 1956ലെ സംസ്ഥാന പുനസംഘടന നിയമം (State Reorganization Act,1956) നടപ്പാക്കിയത് മുതലുള്ളതാണ്. കർണാടകയുമായുള്ള അതിർത്തി പുനക്രമീകരിക്കണമെന്ന് അന്നത്തെ മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു സംസ്ഥാനങ്ങളും ചേർന്ന് ഒരു നാലംഗ സമിതി രൂപീകരിച്ചു. പ്രധാനമായും കന്നഡ സംസാരിക്കുന്ന 260 ഗ്രാമങ്ങൾ കർണാടകക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാർ സന്നദ്ധമായിരുന്നെന്നും എന്നാൽ കർണാടക ഈ നിർദേശം നിരസിക്കുകയായിരുന്നെന്നും എ.എൻ.ഐ റിപ്പോർട്ടിൽ പറയുന്നു.