ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇരുന്നൂറോളം ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിക്ക് മുന്നിൽ എത്തിയത്. ഹർജികളിൽ അമ്പതെണ്ണം അസമിൽ നിന്നും മൂന്നെണ്ണം ത്രിപുരയിൽ നിന്നുമാണ്. നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നൽകിയ ഹർജി പ്രധാന ഹർജിയായി കേൾക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസറായും എതിർകക്ഷികളുടെ നോഡൽ ഓഫീസറായി അഭിഭാഷകൻ കാനു അഗർവാളിനെയും കോടതി നിയമിച്ചിരുന്നു. കേസിലെ വാദം കേൾക്കൽ സുഗമമാക്കാനാണ് ഇത്തരം ഒരു ക്രമീകരണം.