ജബൽപൂർ: ട്രാഫിക് സിഗ്നലിൽ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ ദാമോഹ് നാക സ്ക്വയറിലെ ട്രാഫിക് സിഗ്നലിലാണ് അപകടമുണ്ടാവുന്നത്. റാനിറ്റാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ബസ് ഡ്രൈവർ ഹർദേവ്പൽ സിംഗിന് (50) പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രോണിക് ഓട്ടോറിക്ഷയെയും ബൈക്കുകളെയും ഇടിച്ചു. ഡ്രൈവർ സീറ്റിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നെന്ന് സംഭവസ്ഥലത്തെത്തിയ പോലീസുകാർ പറഞ്ഞു.
ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബൈക്ക് യാത്രികനായ 62കാരനും അപകടത്തിൽ കൊല്ലപ്പെട്ടു.