ഹൈദരാബാദ്: തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ഉന്നത നേതാക്കളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കേസിലെ പ്രധാന പ്രതികൾ ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി ആശയവിനിമയം നടത്തിയതിൻ്റെ തെളിവുകൾ ഉൾപ്പെടെയാണ് പുറത്ത് വന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘം തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ എംഎൽഎമാരെ കുറുമാറ്റി സർക്കാറിനെ അട്ടിമറിക്കാൻ ആയിരുന്നു ബിജെപി ലക്ഷ്യം. ഓപ്പറേഷൻ താമര എന്ന് പേരിട്ട ഈ കുതിരക്കച്ചവടത്തിൻ്റെ തെളിവുകളാണ് റിപ്പോർട്ടർ ടിവിയ്ക്ക് ലഭിച്ചത്. ബിജെപി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റിൻ്റെ പകർപ്പുകൾ. കേസിലെ പ്രതി രാമചന്ദ്ര ഭാരതി, നന്ദകുമാർ എന്നിവരുടെ വാട്സ്ആപ്പ് ചാറ്റുകൾ ആണ് പുറത്തുവന്നത്.
രോഹിത് റെഡ്ഡി അടക്കം മൂന്ന് ടിആർഎസ് എംഎൽഎ മാരെ ബിജെപിയിൽ എത്തിക്കാനായിരുന്നു പദ്ധതി. മൂന്ന് പേരുമായി കൂടിക്കാഴ്ച്ച നടത്താൻ ബി എൽ സന്തോഷിനോട് വാട്സ്ആപ്പ് ചാറ്റിൽ രാമചന്ദ്ര ഭാരതി സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിൽ 26 ന് ഇരുവരും ഹരിദ്വാറിൽ കൂടിക്കാഴ്ച നടത്തി. തുഷാർ വെള്ളാപ്പള്ളിയുമായി രാമചന്ദ്ര ഭാരതി പലവട്ടം ആശയ വിനിമയം നടത്തി. ബി എൽ സന്തോഷിൻ്റെ ഡൽഹിയിലെ വസതിയിലാണ് നിർണായക കൂടിക്കാഴ്ച നടത്തിയത്. നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തെലങ്കാന പോലീസിൻ്റെ തീരുമാനം.
തുഷാർ എംഎൽഎമാരെ വിലക്ക് വാങ്ങാൻ നോക്കി; തെലങ്കാന പോലീസ് കേരളത്തിൽ
ഓപ്പറേഷന് ലോട്ടസ്; തുഷാറിനും സന്തോഷിനുമെതിരെ ലുക്കൗട്ട് നോട്ടീസ്