അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ഇന്ന് പോളിങ്ബൂത്തിൽ വിധിയെഴുതുന്നത്. ആകെ 788 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്. 14,382 പോളിങ് സ്റ്റേഷനുകളാണ് ആദ്യഘട്ട വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്വി, കംഭാലിയയിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഢ്വി, സൂറത്തിൽ മത്സരിക്കുന്ന എ.എ.പി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ, ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യ റിവാബ ജഡേജ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 48 ഇടത്ത് 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു മുന്നിലെത്തിയത്. 40 സീറ്റുകളാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്, ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വ്യത്യസ്തമായി ഇത്തവണ എഎപിയും ശക്തമായ സാന്നിധ്യമായി മത്സരരംഗത്തുണ്ടെന്നതാണ് പ്രത്യേകത. ഡിസംബർ അഞ്ചിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഹിമാചൽ പ്രദേശിനൊപ്പം എട്ടിനാണ് വോട്ടെണ്ണൽ.