ദില്ലി: സുനന്ദ പുഷ്ക്കറിൻ്റെ മരണത്തിലെ വിചാരണ നടപടികളിൽ നിന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
2021 ഓഗസ്റ്റിൽ ശശി തരൂരിനെ ഡൽഹി റോസ് അവന്യൂ കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്കർ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ ഡൽഹി പോലീസിൻ്റെ നടപടി റദ്ദാക്കണമെന്ന ശശി തരൂരിൻ്റെ ഹർജി പരിഗണിച്ചായിരുന്നു നടപടി. ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ആത്മഹത്യാപ്രേരണ, ഗാർഹികപീഡന കുറ്റങ്ങൾ ചുമത്തണമെന്നായിരുന്നു അന്ന് ഡൽഹി ഉന്നയിച്ച ആവശ്യം. ഐപിസി 306 ആത്മഹത്യ പ്രേരണ, 498 എ ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തിൽ ചേർത്തിരുന്നത്. എന്നാൽ ഈ കുറ്റങ്ങൾ ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി ഡൽഹി റോസ് അവന്യു കോടതിയിലെ പ്രത്യേക സി.ബി.ഐ. ജഡ്ജി ഗീതാഞ്ജലി ഗോയൽ തരൂരിനെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് ഡൽഹി പോലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
ഡൽഹി പോലീസിൻ്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ ശർമ്മ നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങൾക്ക് ശേഷമാണ് അപ്പീൽ ഫയൽ ചെയ്തതെന്ന് തരൂരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിനോദ് പഹ്വ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. 2014 ജനുവരി 17 നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.