പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. പിഎഫ്ഐ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ, ഭാര്യ മുഖേനയാണ് ഹർജി നൽകിയത്.
യുഎപിഎയുടെ സെക്ഷൻ 3 (1) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് അഞ്ചു വർഷത്തേക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടിയെ ആണ് ഹർജിയിൽ ചോദ്യം ചെയ്തത്. ഇത്തരമൊരു നിയമം ഉപയോഗിച്ച് നിരോധനം ഏർപ്പെടുത്തുമ്പോൾ അതിന് വ്യക്തമായ കാരണങ്ങൾ അധികാരികൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതുണ്ടായില്ലെന്നും ഹർജിക്കാർ വാദിച്ചു.
നിരവധി സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന, നിരവധി ആളുകൾ പിന്തുടരുകയും പ്രയോജനം നേടുകയും ചെയ്ത സംഘടന, ഒരു കാരണവും വ്യക്തമാക്കാതെ, നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും നിരോധനം ഉടനടി പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും പിഎഫ്ഐക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജയകുമാർ എസ് പാട്ടീൽ കോടതിയിൽ വാദിച്ചു.
എന്നാൽ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ എതിർത്തുകൊണ്ട് വ്യക്തമാക്കി.
മാധ്യമ വാർത്തകൾ തള്ളി എൻഐഎയും; കേരളാ പോലീസിലുള്ളവർക്ക് പിഎഫ്ഐ ബന്ധമെന്ന് റിപ്പോര്‍ട്ടില്ല