ബംഗളൂരു: ക്ലാസ് മുറിയിൽ വച്ച് മുസ്ലിം വിദ്യാർത്ഥിയെ ഭീകരവാദിയെന്ന് വിളിച്ച അധ്യാപകന് സസ്പെൻഷൻ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ രവീന്ദ്രനാഥ റാവുവിനെതിരെയാണ് നടപടിയെടുത്തത്. ഉഡുപ്പിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വെളളിയാഴ്ചയായിരുന്നു സംഭവം. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് വിഭാഗം ഒന്നാം വർഷ വിദ്യാർഥി ഹംസയെ കസബ് എന്നു വിളിച്ചാണ് രവീന്ദ്രനാഥ റാവു അധിക്ഷേപിച്ചത്.
ക്ലാസ് നടക്കുന്നതിനിടയിലാണ് അധ്യാപകൻ വിദ്യാർത്ഥിയെ ഭീകരവാദിയെന്ന് വിളിച്ചത്. സംഭവത്തിൻ്റെ വിഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥിയുടെ പേരെന്താണെന്നു പ്രഫസർ ചോദിക്കുകയും മുസ്ലിം
പേര് കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്നാണ് അധ്യാപകൻ ചോദിച്ചത്. ’26/11 തമാശയായിരുന്നില്ല. ഈ നാട്ടിൽ ഒരു മുസ്ലീം ആയത് കൊണ്ട് എല്ലാ ദിവസവും ഇതൊക്കെ നേരിടേണ്ടി വരുന്നത് തമാശയല്ല സാർ. നിങ്ങൾക്ക് ഒരിക്കലും എൻ്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ’ എന്ന് വിദ്യാർഥി മറുപടി നൽകി. തുടർന്ന്, ‘നീ എൻ്റെ മകനെപ്പോലെ ആണെന്നു’ പറഞ്ഞ് അധ്യാപകൻ ക്ഷമചോദിക്കുന്നത് വീഡിയോയിലുണ്ട്. എന്നാൽ സ്വന്തം കുട്ടിയുടെ മുഖത്ത് നോക്കി നിങ്ങൾ തീവ്രവാദി എന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. വീഡിയോ പ്രചരിച്ചതോടെ അധ്യാപകൻ്റെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയർന്നത്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകിയതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.