മുസഫർനഗർ: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിലാക്കി പൂട്ടിയിട്ടതിന് രണ്ടാനമ്മക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 പ്രകാരമാണ് പ്രതിയായ ശിൽപിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഗർഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച വൈകുന്നേരമാണ് രാധികയെ കാണാതായത്. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ അബോധാവസ്ഥയിൽ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. രണ്ടാനമ്മയാണ് തന്നെ പെട്ടിക്കുള്ളിൽ പൂട്ടിയിട്ടെന്ന് പെൺകുട്ടി പിന്നീട് പോലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞു.
പിതാവ് സോനു ശർമ്മ തൻ്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം ശിൽപിയെ വിവാഹം കഴിച്ചു. ഇവർക്കൊപ്പമാണ് രാധിക താമസിച്ചിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.