ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നു. നിയമസഭ പാസാക്കിയ ഓൺലൈൻ റമ്മി നിരോധന ബില്ല്, ഗവർണർ ആർ.എൻ. രവി ഒപ്പുവെയ്ക്കാതെ അസാധുവായി. മാസങ്ങൾക്ക് മുൻപാണ് സർക്കാർ ഓൺലൈൻ റമ്മി നിരോധന ബില്ല് നിയമസഭയിൽ പാസാക്കിയത്. ഗവർണർ ഒപ്പിടാതെ ബില്ലിൻ്റെ കാലാവധി അവസാനിച്ചതോടെ, രൂക്ഷമായ പ്രതിഷേധമാണ് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും ഗവർണർക്കെതിരെ ഉയരുന്നത്.
ഓൺലൈൻ റമ്മിയിൽ കുടുങ്ങി പണം നഷ്ടപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ്, തമിഴ്നാട്ടിൽ ഇത് നിരോധിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഒക്ടോബർ 19ന് സർക്കാർ കൊണ്ടുവന്ന ബില്ല്, ഐക്യകണ്ഠേനെ സഭയിൽ പാസാവുകയും ചെയ്തു. 28ന് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു. നവംബർ 24നാണ് ബില്ലിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ സർക്കാറിന് നോട്ടിസ് നൽകിയത്. പിറ്റെ ദിവസം തന്നെ ഇതിനു സർക്കാർ മറുപടിയും നൽകിയിരുന്നു. എന്നാൽ ബില്ലിൽ ഒപ്പുവെയ്ക്കാൻ ഗവർണർ തയ്യാറായില്ല.
ബില്ലുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി നിരവധി തവണ മന്ത്രി രഘുപതി, ഗവർണറെ കാണാൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. 28ന് കാലാവധി അവസാനിച്ചതോടെ ബില്ല് അസാധുവായി. ഗവർണറുടെ നടപടിയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഗവർണർ പദവി തന്നെ എന്തിനാണെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നതെന്നും ആദ്യം ഒഴിവാക്കേണ്ടത് ആ പദവിയാണെന്നും കനിമൊഴി എം പി പ്രതികരിച്ചു.
ഗവർണറുടെ അധികാരത്തിൽ ഇടപെടാൻ സർക്കാറിന് കഴിയില്ലെന്നും ബില്ലുമായി ബന്ധപ്പെട്ട് ഗവർണർ ആവശ്യപ്പെട്ട വിവരങ്ങൾ കാലതാമസം കൂടാതെ നൽകിയിട്ടുണ്ടെന്നും മന്ത്രി രഘുപതി പറഞ്ഞു. വിടുതലൈ സിരുത്തെ അധ്യക്ഷൻ തോൾ തിരുമാവലവൻ, എഎംഎംകെ അധ്യക്ഷൻ ടിടിവി ദിനകരൻ എന്നിവർ ഗവർണറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചപ്പോൾ, പിഎംകെ നേതാവ് അൻപുമണി രാംദാസ് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.