ബെംഗളൂരു: കർണാടകയിൽ 58 വയസ്സുകാരന്റെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് 187 നാണയങ്ങൾ. ഒന്നു മുതൽ അഞ്ചു രൂപ വരെയുള്ള നാണയങ്ങളാണ് ഏഴു മാസം കൊണ്ട് ഇയാൾ വിഴുങ്ങിയത്. റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂരിലാണ് സംഭവം. ലിംഗസുഗൂർ സ്വദേശിയായ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയത്തുട്ടുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ധ്യാമപ്പയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാണയത്തുട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹംഗലിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാർ ചേർന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങൾ പുറത്തെടുത്തു. ഇയാൾ എപ്പോഴും വിശപ്പു തോന്നുന്ന ‘പിക’ എന്ന അസുഖം ബാധിച്ചയാളാണെന്ന് ഡോക്ടർമാർ പറഞ്ഞു.