അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ വിട്ടയച്ചതിനെതിരെ പ്രതിഷേധം. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. അഞ്ച് ഏത്തമിടലായിരുന്നു ഇയാൾക്ക് ശിക്ഷയായി പഞ്ചായത്ത് വിധിച്ചത്. ആൾക്കൂട്ടത്തിന് മധ്യത്തിൽ ഇയാൾ ഏത്തമിടുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചോക്കലേറ്റ് തരാമെന്ന് പറഞ്ഞ് ചോക്കലേറ്റ് ഫാമിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. വിവരം അറിഞ്ഞ നാട്ടുകാർ ഇയാളെ പിടികൂടി പഞ്ചായത്തിന് മുന്നിൽ എത്തിച്ചു. എന്നാൽ പോലീസിൽ വിവരമറിയിക്കേണ്ടെന്ന് തീരുമാനിച്ച് പഞ്ചായത്തിലെ മുതിർന്നവർ തന്നെ ഇയാൾക്ക് ശിക്ഷ വിധിക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇയാൾ ഏത്തമിടുന്നതിൻ്റെ വീഡിയോ പുറത്ത് വന്നതോടെയാണ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയുൾപ്പടെ ടാഗ് ചെയ്താണ് സോഷ്യൽ മീഡിയയിൽ പലരും വീഡിയോ പങ്കുവെയ്ക്കുന്നത്. പോലീസും നിയമവും ഇല്ലാത്ത പ്രാചീന രീതിയാണോ പിന്തുടരുന്നതെന്ന വിമർശനും ഉയരുന്നുണ്ട്. പ്രതിഷേധം ശക്തമായതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിച്ചുവെന്ന് അറിയിച്ച് പോലീസ് സൂപ്രണ്ട് ഗൗരവ് മംഗള രംഗത്തെത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പീഡനവിവരം പുറത്തുപറയാതിരിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.