അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദേശ പൗരൻമാരെ രംഗത്തിറക്കിയ ബിജെപിയുടെ നീക്കം വിവാദത്തിൽ. പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ഇത് സംബന്ധിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമായത്. ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയ വിദേശികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖ്ലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
കഴിഞ്ഞ ദിവസം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് കുറച്ച് വിദേശികൾ പാർട്ടിക്കായി പ്രചാരണം നടത്തുന്ന വീഡിയോ പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചാണ് വിദേശികൾ വീഡിയോയിൽ സംസാരിച്ചത്. ‘നിങ്ങൾക്ക് മഹാനായ നേതാവുണ്ട്. നിങ്ങളുടെ നേതാവിൽ വിശ്വസിക്കുക’ എന്ന വിദേശിയുടെ വാക്ക് അടിക്കുറിപ്പായി നൽകിക്കൊണ്ടാണ് വീഡിയോ ഗുജറാത്ത് ബിജെപി പങ്കുവെച്ചത്.
‘ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പുകളിലെ ഗുരുതരമായ വിദേശ ഇടപെടലിന് തുല്യമാണ്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെയും ഇന്ത്യയുടെ വിസ നിയമങ്ങളുടെയും ലംഘനമാണ്,” തെരഞ്ഞെടുപ്പ് കമ്മീഷനച്ച പരാതിയിൽ ഗോഖ്ലെ പറഞ്ഞു. വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.