ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിൻ്റെ നിയമന ഫയലുകൾ കാണണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിൽ വാദം നടക്കുമ്പോഴുണ്ടായ ഈ നിയമനം ഉചിതമായോയെന്നും ഭരണഘടനാ ബെഞ്ച് സർക്കാരിനോട് ചോദിച്ചു. വ്യാഴാഴ്ച ഫയലുകൾ ഹാജരാക്കാൻ അറ്റോർണി ജനറലിന് നിർദേശം നൽകി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, തെരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവരുടെ നിയമന നടപടി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർദേശം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ കഴിഞ്ഞ ശനിയാഴ്ചയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം എങ്ങനെയാണെന്നും മാനദണ്ഡങ്ങളും ആരാഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്, സ്വതന്ത്രമായ രീതിയിലാണോ നിയമനമെന്നും സർക്കാർ നിയമിക്കുന്ന കമ്മിഷണർമാർക്ക് പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമോയെന്നും ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയിൽ നിഷ്പക്ഷത ഉറപ്പാക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന് ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഈ ആവശ്യത്തെ എതിർത്തിരുന്നു.