ന്യൂദൽഹി: തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽപ്രദേശിൽ ഭരണം നിലനിർത്താൻ ബി.ജെ.പി വൻതോതിൽ പണമിറക്കിയതായി സി.പി.എം സിംല മണ്ഡലം സ്ഥാനാർത്ഥിയും മുൻ സിംല ഡെപ്യൂട്ടി മേയറുമായിരുന്ന ടിക്കന്തർ സിങ് പൻവാർ. ഗൂഗിൾപേ വഴി പണമയച്ച് വോട്ടർമാരെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സർക്കാർ ഉണ്ടാക്കുമെന്നുള്ള ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിൻ്റെ പ്രസ്താവന അപകടകരമാണെന്നും കോൺഗ്രസ് എം.എൽ.എമാരെ വിലക്കെടുക്കുമെന്ന സൂചനയാണിതെന്നും പൻവാർ പറഞ്ഞു.
‘ഗൂഗിൾ പേ വഴി പണം അയച്ച് ബി.ജെ.പി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാലും അവർ രക്ഷപ്പെടില്ല. സംസ്ഥാനത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമാണ്, ടിക്കന്തർ സിങ് പൻവാർ പറഞ്ഞു. ബി.ജെ.പി സർക്കാർ ജനവിരുദ്ധ നയങ്ങളിലൂടെ സംസ്ഥാനത്തെ വികസനമുരടിപ്പിലേക്ക് നയിച്ചുവെന്നും പൻവാർ കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽകോഡ് ഉൾപ്പെടെ പ്രചരിപ്പിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാൽ അതൊന്നും സംസ്ഥാനത്ത് വിലപോകില്ല. “നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ജയിക്കും. ഇല്ലെങ്കിൽ ഉറപ്പായും താഴെവീഴും’. ഇതായിരുന്നു ഹിമാചൽ ജനതയുടെ വികാരം.
1985നു ശേഷം ഹിമാചലിൽ ഭരണ കക്ഷികൾക്ക് തുടർഭരണം ലഭിച്ചിട്ടില്ല. ഇത്തവണ ബി.ജെ.പി ഭരണം മാറും. മുഖ്യപ്രതിപക്ഷം കോൺഗ്രസായിട്ടും തെരഞ്ഞെടുപ്പ് സമയത്തുപോലും കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് മാറുന്ന അസ്ഥയാണെന്നും പൻവാർ പറഞ്ഞു. സി.പി.എമ്മിന് നിലവിൽ ഒരു എം.എൽ.എയാണ് സംസ്ഥാനത്തുള്ളത്. ഇത്തവണ കൂടുതൽ സീറ്റ് ലഭി ക്കും. തൊഴിലില്ലായ്മ, വികസന മുരടിപ്പ്, ആപ്പിൾ കർഷകരുടെ പ്രശ്നം, സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പുനസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിൽ മുഖ്യവിഷയമാക്കിയപ്പോൾ സി.പി.എമ്മിനെ ജനം പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബർ 12നായിരുന്നു ഹിമാചൽപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 68 അംഗ നിയസഭാ മണ്ഡലമാണ് ഹിമാചലിലുള്ളത്. ഡിസംബർ എട്ടിനാണ് ഫല പ്രഖ്യാപനം.