ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി ശ്രദ്ധ നേരത്തേ മുംബൈ വസായ് പൊലീസിന് പരാതി നൽകിയിരുന്നതായി സ്ഥിരീകരണം. മഹാരാഷ്ട്ര പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞങ്ങൾ ലിവ്–ഇൻ ബന്ധത്തിലാണെന്ന കാര്യം അഫ്താബിൻ്റെ മാതാപിതാക്കൾക്ക് അറിയാം, ആഴ്ചകളിൽ അവർ ഇവിടെ വരാറുണ്ട്. അഫ്താബിൻ്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ചും നിരന്തരം ഞാൻ നേരിടുന്ന പീഡനത്തെ കുറിച്ചും അവർക്കും അറിവുള്ളതാണ്. ഉടൻ തന്നെ വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊടുംക്രൂരതയെല്ലാം സഹിച്ചിരുന്നത്. എന്നാൽ ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്ന അവസ്ഥയിലാണ് ഞാനിപ്പോൾ’’– വസായ് പൊലീസിന് ശ്രദ്ധ നൽകിയ പരാതിയിൽ പറയുന്നു.
രണ്ട് വർഷംമുൻപ് 2020 നവംബർ 23നാണ് ശ്രദ്ധ പരാതി നൽകിയത്. ‘‘ഇന്ന് എന്നെ അയാൾ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു, വെട്ടിനുറുക്കി മൃതദേഹം കഷണങ്ങളാക്കി വലിച്ചെറിയുമെന്നും ഭീഷണിപ്പെടുത്തി. ആറു മാസത്തിലേറെയായി നിരന്തരം മർദനം അനുഭവിക്കുന്നു. ആരോടെങ്കിലും ഇതെല്ലാം തുറന്നു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന അഫ്താബിൻ്റെ ഭീഷണി ഭയന്നാണു പൊലീസിനെ ഇതുവരെ സമീപിക്കാതിരുന്നത്.
ഈ പരാതിയിൽ വസായ് പൊലീസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന കാര്യം പരിശോധിക്കുകയാണെന്നു ഡൽഹി പൊലീസ് അറിയിച്ചു. തന്നെ അപായപ്പെടുത്താൻ അഫ്താബ് ശ്രമിക്കുമെന്നും പരാതിയിൽ ശ്രദ്ധ പറയുന്നു. ഇനി മുതൽ ശ്രദ്ധയെ ഉപദ്രവിക്കില്ലെന്നും മുംബൈയിൽ ശ്രദ്ധ താമസിക്കുന്ന വീട്ടിൽ പ്രവേശിക്കില്ലെന്നുമുള്ള അഫ്താബിൻ്റെ മാതാപിതാക്കളുടെ ഉറപ്പിൽ പരാതിയുമായി മുന്നോട്ടു പോയിരുന്നില്ലെന്ന് ശ്രദ്ധയുടെ സഹപ്രവർത്തകൻ കരൺ വെളിപ്പെടുത്തി.
മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റുകയായിരുന്നു. മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. ഡൽഹിയിലെ മെഹ്റോളിയിൽ 6 മാസം മുൻപായിരുന്നു കൊലപാതകം. 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി അഫ്താബ് ഉപേക്ഷിച്ചത്.
ലിവ് ഇൻ പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി യുവാവ് വനത്തിൽ തള്ളി