ന്യൂഡൽഹി: മകളെ വെടിവെച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി റോഡരികിൽ ഉപേക്ഷിച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മധുരയിൽ യമുന എക്സ്പ്രസ്സ്വേയിലാണ് 22 കാരിയായ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഡൽഹിയിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായ ആയുഷി ചൗധരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി മധുര പൊലീസ് അറിയിച്ചു.
മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ മകൾ വിവാഹം ചെയ്തതും പതിവായി വീട്ടുകാരെ ധിക്കരിച്ച് രാത്രിയിൽ പുറത്തുപോകുന്നതും പിതാവ് നിതേഷ് യാദവിനെ പ്രകോപിതനാക്കിയിരുന്നു. വീട്ടുകാരോട് പറയാതെയാണ് ഛത്രപാൽ എന്നയാളെ ആയുഷി വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. അങ്ങനെയാണ് ലൈസൻസുള്ള തൻ്റെ തോക്കുപയോഗിച്ച് മകളെ വെടിവെച്ചതെന്ന് നിതേഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കേണ്ടെത്തിയതിന് ശേഷം മൊബൈൽ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമൂഹ മാധ്യമങ്ങളിലൂടേയും കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ തിരിച്ചറിയാനായി പോസ്റ്ററുകളും പതിപ്പിച്ചു. ഞായറാഴ്ച അഞ്ജാത കോൾ വഴി പെൺകുട്ടിയുടെ വിവരങ്ങൾ ലഭിച്ചതോടെ ആയുഷിയുടെ കുടുംബത്തെ കണ്ടെത്തി. തുടർന്ന് ആയുഷിയുടെ അമ്മയും സഹോദരനും ഫോട്ടോയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. പിതാവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരങ്ങൾ പുറത്ത് വന്നത്.
ഉത്തർപ്രദേശിലെ ഗൊരഖ്പുരിലെ ബലൂനി സ്വദേശിയാണ് നിതേഷ്. ജോലി ലഭിച്ചതോടെ കുടുംബം ദക്ഷിണ ഡൽഹിയിലെ ബദർപൂരിലേക്ക് താമസം മാറ്റുകയായിരുന്നു. ഡൽഹിയിൽ ബിരുദ വിദ്യാർഥിനിയായിരുന്നു ആയുഷി ചൗധരി.