ബയ്റേലി: ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ടി.ടി.ഇ ട്രെയിനിൽ നിന്ന് തള്ളിയിട്ട യാത്രക്കാരൻ്റെ കാൽ അറ്റുപോയി. സോനു എന്ന സൈനികനാണു കാൽ നഷ്ടമായത്. ഇദ്ദേഹം ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ച ദിബ്രുഗഡ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ബറേലി സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണു സോനുവിനെ ടിടിഇ സുപൻ ബോർ തള്ളിയിട്ടത്. ടി.ടി.ഇയായ സുപൻ ബോറയ്ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സുപൻ ബോറയ്ക്കെതിരെ 307ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നു മൊറാദാബാദ് ഡിവിഷൻ സീനിയർ ഫിനാൻസ് മാനേജർ സുധീർ സിങ് പറഞ്ഞു
സോനുവിൻ്റെ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കമാണ് ഉന്തിലുംതള്ളിലും കലാശിച്ചതെന്നാണു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. രോഷാകുലനായ ടിടിഇ സൈനികനെ പുറത്തേക്കു തള്ളിവീഴ്ത്തുകയായിരുന്നു. ട്രെയിനിൻ്റെ അടിയിലേക്കു വീണ സോനുവിനെ ഉടനെ സമീപത്തെ സൈനിക ആശുപത്രിയിൽ എത്തിച്ചു. സോനുവിന്റെ കാൽ നഷ്ടപ്പെട്ടെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.