ന്യൂഡൽഹി: ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ഉത്തരവുകൾ റദ്ദാക്കി സുപ്രീംകോടതി. 2019ൽ കുറ്റകൃത്യം നടന്ന അവസരത്തിൽ ശുഭംസാൻഗ്രയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന വാദം നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ജെ ബി പർധിവാല പറഞ്ഞു. പ്രതി ശുഭംസാൻഗ്ര മുതിർന്ന വ്യക്തിയാണെന്നും അതനുസരിച്ചുള്ള വിചാരണയ്ക്ക് വിധേയനാക്കണമെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. നേരത്തെ ശുഭംസാൻഗ്രയ്ക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് വിചാരണക്കോടതിയും ജമ്മുകശ്മീർ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
കത്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ പത്താൻകോട്ടെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. തെളിവ് നശിപ്പിച്ചതിന് മൂന്ന് പൊലീസുകാരെ അഞ്ചുവർഷം തടവിനും ശിക്ഷിച്ചു. എന്നാൽ, മുഖ്യപ്രതി സഞ്ജിറാമിൻ്റെ അനന്തരവൻ ശുഭംസാൻഗ്രയ്ക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് വിലയിരുത്തി വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിന് വിടുകയായിരുന്നു.