ദില്ലി: എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ രാജസ്ഥാൻ കോൺഗ്രസിൻ്റെ ചുമതല രാജിവച്ചു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് മാക്കൻ കത്ത് കൈമാറി. സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചാണ് കത്ത്. സംസ്ഥാന നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന. ഭാരത് ജോഡോ യാത്ര ഡിസംബർ 5 ന് രാജസ്ഥാനിൽ പ്രവേശിക്കുന്നതിനാൽ എത്രയും വേഗം പുതിയ ജനറൽ സെക്രട്ടറി ചുമതലയേൽക്കണമെന്നും മാക്കൻ തൻ്റെ ഒരു പേജുള്ള കത്തിൽ പറയുന്നു. സെപ്തംബർ 25ന് ജയ്പൂരിൽ നടന്ന സംഭവങ്ങളെക്കുറിച്ച് കത്തിൽ പരാമർശിച്ചിട്ടുണ്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗെഹ്‌ലോട്ടിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്ന നിർദ്ദേശവും നൽകി. ഗെഹ്‌ലോട്ടിൻ്റെ പകരക്കാരനെ കണ്ടെത്താൻ അജയ് മാക്കൻ എംഎൽഎമാരുടെ ഒരു സുപ്രധാന പാർട്ടി യോഗം വിളിച്ചുചേർത്തു. എന്നാൽ ഗെഹ്‌ലോട്ടിൻ്റെ വിശ്വസ്തരായ 90-ലധികം എംഎൽഎമാർ പങ്കെടുക്കാൻ വിസമ്മതിച്ചു. പകരം മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിൻ്റെ ശ്രമത്തിൽ പ്രതിഷേധിച്ച് രാജി സമർപ്പിക്കാൻ സ്പീക്കറെ സമീപിച്ചു. അശോക് ഗെഹ്ലോട്ടിനെതിരെയോ അദ്ദേഹത്തിൻ്റെ അനുയായികൾക്കെതിരെയോ ഇതുവരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല. ഇതാണ് അജയ് മാക്കൻ്റെ രാജിക്ക് കാരണമായി പറയുന്നത്.