തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവാർ രാമറാവു പട്ടേൽ പാർട്ടി വിട്ടു. കോൺഗ്രസ് നിർമ്മൽ ജില്ലാ കമ്മറ്റി അദ്ധ്യക്ഷനായിരുന്നു പവാർ രാമറാവു. പാർട്ടിയിലെ സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് രാമറാവു പട്ടേൽ കോൺഗ്രസ് വിട്ടത്. നവംബർ 28ന് ബിജെപിയിൽ ചേരും.
മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് പവാർ രാമറാവു പാർട്ടി വിടുന്നത്. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റായിരുന്ന മുനുഗോഡിൽ ഇത്തവണ കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടത് ആദിലാബാദ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ആശങ്ക പടർത്തിയിരുന്നു. മുദോൾ മണ്ഡലത്തിലെ തൻ്റെ അനുയായികളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് പാർട്ടി വിടുന്ന കാര്യം പവാർ രാമറാവു പ്രഖ്യാപിച്ചത്.
2018ലെ തെരഞ്ഞെടുപ്പിൽ മുദോൾ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു പവാർ രാമറാവു പട്ടേൽ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിൽ സിറ്റിങ് എംഎൽഎമാരടക്കമുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെത്തുടർന്ന് കോൺഗ്രസ്സിൽ ഉടലെടുത്ത പ്രതിസന്ധി നിലനിൽക്കെയാണ് തെലങ്കാനയിലും പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.