ബംഗളൂരു: സർക്കാർ വിദ്യാലയങ്ങൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കാൻ നീക്കവുമായി കർണാടക സർക്കാർ. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ആണ് പ്രഖ്യാപനം നടത്തിയത്. സ്വാമി വിവേകാനന്ദയുടെ പേരിൽ ആരംഭിച്ച വിവേക പദ്ധതിയുടെ ഭാഗമായി നിർമിച്ച 8,000 സ്കൂളുകൾക്കാണ് കാവി പെയിന്റ് അടിക്കാൻ തീരുമാനിച്ചത്. ഇന്നലെ കലബുറഗിയിൽ വിദ്യദാന സമിതി എജ്യുക്കേഷൻ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.
സ്കൂളിലെ ക്ലാസ്മുറികൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കും. ഇതിനു പിന്നിൽ പ്രത്യയശാസ്ത്രപരമായ പ്രേരണകളില്ലെന്നും കെട്ടിട നിർമാതാക്കൾ നിർദേശിച്ചതിനനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി ബി.സി നാഗേഷ് വിശദീകരിച്ചു. നടപടി വിവാദമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും എല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് തരംതാണ ഏർപ്പാടാണെന്നും ബൊമ്മെ പറഞ്ഞു.
”നമ്മുടെ ദേശീയപതാകയിൽ കാവിനിറമുണ്ട്. എന്തിനാണ് കാവിനിറം പറഞ്ഞ് അവർ ദേഷ്യപ്പെടുന്നത്? സ്വാമി വിവേകാനന്ദയുടെ പേരിൽ നിർമിച്ച സ്കൂൾ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിവേക എന്ന വാക്കിനർത്ഥം എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ്. അവരെ പഠിക്കാൻ അനുവദിക്കൂ.”-ബസവരാജ് ബൊമ്മൈ പറഞ്ഞു.
മാധ്യമ പ്രവർത്തകന് കൈക്കൂലി നൽകാൻ ശ്രമിച്ചു; കർണാടക മുഖ്യമന്ത്രിക്കെതിരെ ആരോപണം