ദില്ലി: ലിവിംഗ് പാർട്ണറായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിലായി. അഫ്താബ് അമീൻ പൂനെവാല എന്നയാളാണ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം 35 കഷ്ണങ്ങളാക്കി വിവിധിയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ദില്ലിയിലാണ് സംഭവം.
26കാരി ശ്രദ്ധയാണ് കൊല്ലപ്പെട്ടത്. തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അടുത്ത 18 ദിവസങ്ങളിൽ ഇയാൾ മെഹ്റൗളി വനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ ഉപേക്ഷിച്ചു.
മുംബൈയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു ശ്രദ്ധ. അവിടെ വച്ചാണ് അഫ്താബിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഡേറ്റിങ്ങിലായ ഇവരുടെ ബന്ധത്തെ ശ്രദ്ധയുടെ വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് രണ്ടുപേരും ഒളിച്ചോടി ഡൽഹിയിലെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇടയ്ക്ക് വീട്ടുകാരുടെ ഫോൺകോളുകളോട് പ്രതികരിച്ചിരുന്ന ശ്രദ്ധയുടെ ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ അന്വേഷണം നടത്തി.
നവംബർ എട്ടിന് മകളെ കാണാൻ ശ്രദ്ധയുടെ പിതാവ് ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ പൂട്ടിക്കിടക്കുന്ന ഇവരുടെ ഫ്ളാറ്റ് കണ്ട് സംശയം തോന്നിയ പിതാവ് മെഹ്റൗളി പൊലീസിൽ പരാതി നൽകുകയായിരുന്നു. മദൻ നൽകിയ പരാതിയിൽ ശനിയാഴ്ച പോലീസ് അഫ്താബിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ കാര്യം വെളിപ്പെട്ടത്. തന്നെ വിവാഹം കഴിക്കണമെന്ന പറഞ്ഞ് ശ്രദ്ധ നിരന്തരം ശല്യം ചെയ്യാറുണ്ട് എന്നും ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ കാരണമെന്നുമാണ് അഫ്താബ് നൽകിയ വിശദീകരണം. കൊലപാതകത്തിന് കേസെടുത്ത പോലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിവരികയാണ്.